തിരുവനന്തപുരം : കോർപ്പറേഷനിൽ സമരം ചെയ്ത ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ ആർ ക്യാമ്പിലേക്കാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ രാപ്പകൽ സമരത്തിനെതിരെയാണ് പോലീസ് നടപടി. ഇതിനിടെ പോലീസും പ്രവർത്തകരുമായി കൈയ്യാങ്കളി ഉണ്ടായി.
ഇന്ന് ഉച്ചയോടെയാണ് ബിജെപി കൗൺസിലർമാർ മേയർക്കെതിരെ കോർപ്പറേഷനകത്ത് പ്രതിഷേധം ആരംഭിച്ചത്. അഴിമതിയ്‌ക്ക് കൂട്ടുനിൽക്കുന്ന മേയർ രാജിവെച്ച് പുറത്തുപോകണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ബിജെപിയുടെ വനിതാ കൗൺസിലർമാർ ചേർന്നാണ് പ്രതിഷേധിച്ചത്. മേയറെ ഡയസിൽ കയറ്റാതെ കൗൺസിലർമാർ തടഞ്ഞു. തുടർന്ന് ഇവരെ പോലീസ് ബലപ്രയോഗിച്ച് നീക്കുകയായിരുന്നു.
മേയർ ഗോ ബാക്ക് എന്ന ബാനർ ഉയർത്തി പ്രതിഷേധിച്ച കൗൺസിലർമാർ നിലത്ത് കടന്നും സമരം ചെയ്തു. എന്നാൽ ഇവരെ മറികടന്നാണ് മേയർ ഡയസിൽ എത്തിയത്. ഇതിന് പിന്നാലെയാണ് ഇവരെ സസ്‌പെന്റ് ചെയ്യാൻ മേയർ ഉത്തരവിട്ടത്. പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാരെയും മേയർ സസ്‌പെന്റ് ചെയ്തിരുന്നു.
സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുക്കണം, ഡിആർ അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടി വേണം, മേയർ രാജിവെയ്‌ക്കണം എന്നിവയായിരുന്നു ഇവരുടെ ആവശ്യം. ഇതിന്റെ ഭാഗമായാണ് രാപ്പകൽ സമരം നടത്തിയത്.
Comments