മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ.എസ്.ചിത്ര. എപ്പോഴും പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ മുഖമാണ് ചിത്രയ്‌ക്ക്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഗായികയുടെ കണ്ണുനിറയുന്നത് മലയാളികൾക്ക് സഹിക്കാൻ സാധിക്കില്ല. ചിത്രയുടെ മകൾ നന്ദനയുടെ ഓർമ്മകൾ കേരളക്കരയ്‌ക്ക് എന്നും തീരാ നൊമ്പരമാണ്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രയ്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്. എന്നാൽ ആ പൊന്നോമനയ്‌ക്ക് ആയുസ് അധിക നാൾ ഉണ്ടായിരുന്നില്ല. നന്ദനയുടെ ഓരോ ഓർമ്മ ദിനത്തിലും മകളുടെ ചിത്രം ചിത്ര പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോൾ, അകാലത്തിൽ പൊലിഞ്ഞ തന്റെ പൊന്നോമനയ്‌ക്ക് ചിത്ര നേർന്ന പിറന്നാൾ ആശംസയാണ് മലയാളികളുടെ കണ്ണു നനയ്‌ക്കുന്നത്.
‘സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ടാകും. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന’ എന്നാണ് മകളുടെ ചിത്രം പങ്കുവെച്ചു കൊണ്ട് കെ.എസ്.ചിത്ര ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊന്നോമനയെ മിസ് ചെയ്യുന്നുവെന്നും ഗായിക എഴുതിയിരിക്കുന്നു. നിരവധി പേരാണ് ഹൃദയം പിടിച്ചുലയ്‌ക്കുന്ന പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
വിജയ ശങ്കർ- കെ എസ് ചിത്ര ദമ്പതിമാർക്ക് ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് മകൾ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്‍തു. 2011-ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു നന്ദനയുടെ മരണം. മകളുടെ ഓർമ്മകളെ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം.
Comments