ദോഹ: ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിൽ നിരവധി മലയാളികളാണ് എത്തിയത്. അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ വലിയ ഒരു ശതമാനവും മലയാളികളാണ്. ഫുട്ബോൾ ലഹരിക്കൊപ്പം അവർക്ക് ആവേശമാകുന്നത് മലാളത്തിന്റെ സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൂടിയാണ്. മോഹൻലാലും മമ്മൂട്ടിയും കലാശപ്പോരാട്ടം കാണുവാൻ സ്റ്റേഡിയത്തിലുണ്ട്. ഇപ്പോഴിതാ, സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
‘ലുസൈൽ സ്റ്റേഡിയത്തിൽ, കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാനും ലോകത്തിന്റെ പ്രിയപ്പെട്ട ഭ്രാന്തിൽ പങ്കുചേരാനും ഞാനുമുണ്ട്. നിങ്ങളെ എല്ലാവരെയും പോലെ മികച്ച കളിക്കാരിൽ നിന്നും അതിശയകരമായ വിനോദപ്രദമായ കളിക്കായി കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള തന്റെ ചിത്രം മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ ഖത്തറിലെത്തിയ മോഹൻലാൽ ലോകകപ്പിന്റെ സംഘാടനത്തെ വാനോളം പുകഴ്‌ത്തിയിരുന്നു. ഖത്തറിൽ ലോകകപ്പ് നടക്കുന്നു എന്നതറിഞ്ഞതോടെ ഒരുപാട് സംശയങ്ങൾ വന്നിരുന്നു. എന്നാൽ, മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞു എന്നാണ് മോഹൻലാൽ പറഞ്ഞത്. മൊറോക്കോയിൽ റാമിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ലോകകപ്പ് കാണാൻ മോഹൻലാൽ ഖത്തറിലേയ്‌ക്ക് എത്തിയത്.
















Comments