ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരവാദം എത്രമാത്രം ക്രൂരമായ രീതിയിലാണ് കേരളത്തിൽ നടന്നതെന്ന് തെളിയിക്കുന്നതാണ് രഞ്ജിത്തിന്റെ കൊലപാതകം. പോപ്പുലർ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസികൾക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്ത് ശ്രീനിവാസന്റെ അടക്കമുള്ള കൊലപാതകങ്ങളിലൂടെയാണെന്നും സുരേന്ദ്രൻ ജനം ടീവിയോട് പറഞ്ഞു.
‘രഞ്ജിത്തിന്റെ കൊലപാതകം നടന്നിട്ട് ഒരു വർഷമായി എന്നുള്ളത് നാട്ടുകാർക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല. രഞ്ജിത്തിന്റെ സാമിപ്യം ഇവിടെയുണ്ട് എന്ന് എല്ലാവരും കരുതുന്നു. മതഭീകരവാദത്തിന്റെ ഏറ്റവും രാക്ഷസീയമായ മുഖമാണ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലൂടെ ലോകം കണ്ടത്. പോപ്പുലർ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസികൾക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെയാണ്. അന്വേഷണ ഏജൻസികളെ കണ്ണുതുറപ്പിക്കാനും ശക്തമായ ഇടപെടലുകൾ നടത്താനും ആലപ്പുഴയിലെ കൊലപാതകങ്ങൾ വഴി തുറന്നു’.
‘മതഭീകരവാദം എത്രമാത്രം ക്രൂരമായ രീതിയിലാണ് കേരളത്തിൽ നടന്നതെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകങ്ങൾ. നിർഭാഗ്യവശാൽ കേരളം ഭരിക്കുന്ന സിപിഎമ്മും ഔദ്യോഗിക പ്രതിപക്ഷമായിട്ടുള്ള യുഡിഎഫും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ സംഘടനകളോട് ഇപ്പോഴും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. എസ്ഡിപിഐയുടെ പേരിൽ നടന്ന പ്രകടനങ്ങൾക്ക് പിഎഫ്‌ഐയാണ് നേതൃത്വം നൽകിയത്. എസ്ഡിപിഐയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളാ പോലീസോ, കേരളത്തിന്റെ അന്വേഷണ ഏജൻസികളോ ഇക്കാര്യങ്ങൾ വിലയിരുത്താൻ തയ്യാറല്ല. അവർക്ക് ശക്തമായ നടപടികൾ സ്വീകരിക്കാൻ മടിയാണ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് കേരള സർക്കാർ കൈക്കൊള്ളുന്നത്. ഒരു നിരോധിത മതഭീകരവാദ സംഘടനയ്‌ക്ക് കേരളത്തിൽ മാത്രമാണ് ഇതേപോലെ പ്രവർത്തിക്കാൻ സാധിക്കുന്നത്’ എന്നും സുരേന്ദൻ പറഞ്ഞു.
















Comments