ന്യൂഡൽഹി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുമെന്ന് കേന്ദ്രം. ലോക്സഭയിൽ കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രൻ എംപിയാണ് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കില്ലെന്ന് ഇതിന് മറുപടിയായി കേന്ദ്രധനകാര്യ സഹമന്ത്രി വ്യക്തമാക്കുകയായിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ല. അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ ഇ.ഡി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടന്നും കേന്ദ്രധനകാര്യ മന്ത്രാലയം സഭയിൽ വ്യക്തമാക്കി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ മുഖ്യമന്ത്രി ഭരണ സംവിധാനം ഉപയോഗിച്ച് കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Comments