ബീജിംഗ്: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ചൈനയിലെ ആശുപത്രികൾ മുഴുവൻ രോഗബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുതിർന്ന എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ എറിക് ഫെയ്ഗൽ ഡിംഗ് ആരോപിച്ചു.
ചൈനയിലെ 60 ശതമാനത്തിലധികം പേരും ഭൂമിയിലെ ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളിൽ രോഗബാധിതരാകാൻ സാധ്യതയുണ്ടെന്നാണ് എറിക് പറയുന്നത്.ലക്ഷക്കണക്കിന് ആളുകൾ കൊറോണ ബാധിച്ച് മരിക്കുമെന്നും എറിക് പറയുന്നു. അതേസമയം നവംബർ 19നും 23നും ഇടയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ചൈനയിൽ കൊറോണ മരണങ്ങൾ സംഭവിച്ചതായി സർക്കാർ പറയുന്നില്ല.
എന്നാൽ ബീജിംഗിലെ ഡോങ്ജിയാവോ ശ്മശാനത്തിൽ ശവസംസ്‌കാരത്തിന് എത്തിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായെന്നും അവിടെ ജോലി ചെയ്യുന്നവർ പറയുന്നു. കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കുതിച്ചു ചാട്ടമെന്നും ഇവർ ആരോപിക്കുന്നു.’ രോഗം വന്ന് ആരെങ്കിലും മരിക്കുകയാണെങ്കിൽ മരിക്കട്ടെ എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കുന്നത്. കൊറോണ രോഗം ബാധിക്കുന്ന നിരവധി പേരുടെ മൃതദേഹങ്ങളാണ് ഇവിടെ എത്തിക്കുന്നത്. അർദ്ധരാത്രിയിൽ വരെ ജോലി ചെയ്താലും തീരാത്ത സാഹചര്യമാണ്. 30-40 മൃതദേഹങ്ങളാണ് നേരത്തെ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് 200ഓ അതിലധികമോ ആയി ഉയർന്നിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്നവരിൽ പലർക്കും രോഗബാധ ഉണ്ടായതായും’ ഇവർ പറയുന്നു.
Comments