അൽവാർ; രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധം. വായ്പകൾ എഴുതി തളളുമെന്ന കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൽവാറിൽ കർഷകർ പ്രതിഷേധവുമായി എത്തിയത്.
2018 ലാണ് കർഷകരുടെ വായ്പകൾ എഴുതി തളളുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയത്. എന്നാൽ ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ജലദൗർലഭ്യം മറികടക്കാനുളള നടപടി പോലും സർക്കാർ കൈക്കൊളളുന്നില്ലെന്നും പ്രതിഷേധവുമായി എത്തിയ കർഷകർ പറയുന്നു.
കർഷകർക്ക് നൽകിയ ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ല. കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന യാതൊരു നടപടികളും സംസ്ഥാന സർക്കാർ കൈക്കൊളളുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വായ്പകൾ എഴുതി തളളുമെന്ന് രാഹുൽ ഗാന്ധിയാണ് പ്രഖ്യാപിച്ചത്. പക്ഷെ ഒന്നും നടന്നില്ല.
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര അൽവാറിലെത്തിയത്. ബുർജ ഗ്രാമത്തിൽ നിന്നായിരുന്നു യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുളളവർ രാഹുലിനൊപ്പം യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
കർഷക ക്ഷേമത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിന്റെ യഥാർത്ഥമുഖം ഒരിക്കൽകൂടി പുറത്തുകൊണ്ടുവരുന്നതാണ് അൽവാറിലെ കർഷക പ്രതിഷേധം.
Comments