‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ മനം കവർന്ന സംവിധായികയാണ് സുധ കൊങ്ങര. സൂപ്പർഹിറ്റ് സംവിധായികയുടെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തന്റെ ചെറിയ സന്തോഷങ്ങൾ ആരാധകരുമായി സുധ കൊങ്ങര പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, ജീവിതത്തിൽ ആദ്യമായി വാങ്ങിച്ച കാർ ആരാധകർക്ക് പരിയപ്പെടുത്തിയിരിക്കുകയാണ് സുധ. ഓഡിയുടെ ഇലക്രിക് കാർ സ്വന്തമാക്കിയ സന്തോഷം സുഹൃത്തുക്കൾക്കൊപ്പമാണ് സംവിധായിക ആഘോഷിച്ചത്.
‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവർക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സുധ കൊങ്ങര ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് സംവിധായിക പങ്കുവെച്ചത്. ഓഡിയുടെ ഇലക്ട്രിക് കാറായ ഇ–ട്രോണിന്റെ 55 ക്വാഡ്രോ പതിപ്പാണ് സുധ കൊങ്ങര സ്വന്തമാക്കിയത്. നടൻ സൂര്യ കാർ ഓടിക്കുന്ന ചിത്രവും സംവിധായിക പങ്കിട്ടിട്ടുണ്ട്. ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ഔഡിയുടെ ഇലക്ട്രിക് എസ്യുവിയായ ഇ–ട്രോണിന്റെ എക്സ്ഷോറൂം വില ഏകദേശം 1.18 കോടി രൂപയാണ്. ഇ–ട്രോൺ 50, ഇ–ട്രോൺ 55, ഇ–ട്രോൺ സ്പോർട്സ് ബാക്ക് എന്നീ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തിയത്.
95 kWh ബാറ്ററിയാണ് ഇ–ട്രോൺ 55-ന് കമ്പനി നൽകിയിരിക്കുന്നത്. 355 ബിഎച്ച്പി കരുത്തും 561 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കുന്നു. ഫുൾ ചാർജിൽ 484 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്. 5.7 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിന് സാധിക്കും. 200 കിലോമീറ്ററാണ് ഇ–ട്രോൺ 55-ന്റെ പരമാവധി വേഗത.
Comments