പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആഭിചാര കൊല നടത്താൻ ശ്രമം. പത്തനംതിട്ടയിലെ തിരുവല്ലയിലായിരുന്നു സംഭവം. ആഭിചാര കൊലയിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.
കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെ ആയിരുന്നു ആഭിചാര കൊലയ്ക്ക് ഇരയാക്കാൻ ശ്രമം നടത്തിയത്. ഈ മാസം എട്ടിനായിരുന്നു സംഭവം. ഭർത്താവുമായി കുടക് സ്വദേശിനിയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇടനിലക്കാരിയായ അമ്പിളി യുവതിയുമായി അടുത്തത്. തുടർന്ന് പൂജയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവരെ തിരുവല്ലയിൽ എത്തിക്കുകയായിരുന്നു.
പൂജയെന്ന പേരിൽ കുടക് സ്വദേശിനിയെ പൂമാല ചാർത്തി മുറിയ്ക്കുള്ളിലെ മന്ത്രക്കളത്തിൽ ഇരുത്തി. ഇതിന് പിന്നാലെ വാളുമായി അമ്പിളി എത്തുകയായിരുന്നു. വെട്ടാൻ പോകുന്നുവെന്ന് പറഞ്ഞ് അമ്പിളി യുവതിയ്ക്ക് നേരെ വാളോങ്ങി. ഇതിനിടെ അമ്പിളിയുടെ സുഹൃത്ത് വീട്ടിലെത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു.
കോളിംഗ്ബെല്ലിന്റെ ശബ്ദംകേട്ട് അമ്പിളി വാതിൽ തുറക്കാൻ പോയ നേരം യുവതി മുറിയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കുടക് സ്വദേശിനി കൊച്ചിയിൽ തിരിച്ചെത്തി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ആദ്യം ഭയന്ന് ഇക്കാര്യം പോലീസിനോട് പറഞ്ഞില്ലെങ്കിലും പിന്നീട് സുഹൃത്തുക്കളുടെ സഹായയത്തോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Comments