എറണാകുളം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തി കലാപത്തിന് ശ്രമിച്ച കേസിൽ നിന്നും സിഎ റൗഫിനെ രക്ഷിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ റൗഫിനെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും, സി എ റൗഫും ഒരുമിച്ച് പ്രഖ്യാപിച്ച ഹർത്താലായിരുന്നു പി എഫ് ഐ ഭീകരവാദികൾ അഴിഞ്ഞാടിയ കലാപമായി മാറിയത്.
പി എഫ് ഐ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചെന്ന പേരിലായിരുന്നു സെപ്തംബർ 23 ന് സംസ്ഥാനത്ത് ഹർത്താൽ നടത്തിയത്. മതഭീകരവാദികൾ കലാപക്കൊടിയുയർത്തി വ്യാപക അക്രമങ്ങൾ നടത്തിയ ഹർത്താലിൽ കെ എസ് ആർ ടി സി ബസുകളടക്കം അഞ്ച് കോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായാണ് കണക്ക്. എന്നാൽ ഒരുമിച്ചിരുന്ന് നടത്തിയ കലാപ ആഹ്വാനത്തിൽ ഒരാളെ മാത്രം പ്രതി ചേർത്തപ്പോൾ സി എ റൗഫിനെതിരെ കേസുകളില്ലായെന്നതാണ് വിരോധാഭാവം. 417 അക്രമ കേസുകളിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾക്കൊപ്പം അബ്ദുൾ സത്താർ പ്രതിയാണ്.
ഹർത്താൽ ആഹ്വാനം ചെയ്ത നേതക്കാളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പാലിക്കാതെ റവന്യൂ റിക്കവറി നടപടികൾ നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും, ജനുവരിക്കുള്ളിൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. രാജ്യ വിരുദ്ധ – മതഭീകരവാദ കേസുകളിൽ പ്രതികളായ അബ്ദുൾ സത്താറും, സി എ റൗഫും നിലവിൽ റിമാൻഡിലാണ്. പി എഫ് ഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നേതാവാണ് റൗഫ്. ഇയാൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിലെ ഭരണകക്ഷി നേതാക്കളുമായടക്കം അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് റൗഫിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്.
















Comments