ന്യൂഡൽഹി: ബിഎഫ്.7 വകഭേദത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെനറ്റിക്സ് ആൻഡ് സൊസൈറ്റി ഡയറക്ടർ രാകേഷ് മിശ്ര. ബിഎഫ്.7 ഒമിക്രോണിന്റെ ഉപ വകഭേദമാണ്. നിലവിലെ വ്യാപനശേഷിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എന്നാൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമെല്ലാം എല്ലാ അർത്ഥത്തിലും നല്ലതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കൊറോണയുടെ വിവിധ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈനയിൽ അങ്ങനെയല്ല. ബിഎഫ്.7ഒമിക്രോണിന്റെ ഉപ വകഭേദമാണ്. ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ, ഈ വകഭേദം ഒമിക്രോണിന് സമാനമാണ്. വലിയ വ്യത്യാസങ്ങളില്ല. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഈ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. അതിനാൽ തന്നെ അത്ര ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
വാക്സിനുകളിലൂടെ ഭൂരിഭാഗം പേരും പ്രതിരോധശേഷി നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള വാക്സിനുകൾ ഒമിക്രോണിനേയും അതിന്റെ വകഭേദങ്ങളേയും തടയുന്നതിൽ ഫലപ്രദമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യയിലെ ആശുപത്രികളിൽ അധികം രോഗികൾ പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments