ശ്രീനഗർ: ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ‘ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വർഗീയ പരാമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. കാവി നിറം ഹിന്ദുവിന് പതിച്ച് കൊടുത്തിരിക്കുകയാണോ എന്നായിരുന്നു അബ്ദുള്ളയുടെ ചോദ്യം. അങ്ങനെയെങ്കിൽ പച്ച മുസ്ലീമിന്റെയാണോ എന്നും അബ്ദുള്ള ചോദിച്ചു.
പശു ഹിന്ദുവിന്റെയാണെന്ന് പറയുന്നു. അപ്പോൾ കാള മുസ്ലീമിന്റെയാണോ എന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു. ഇത്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ശേഷം, രാജ്യത്ത് വിദ്വേഷം വർദ്ധിക്കുകയാണെന്നും അബ്ദുള്ള പറഞ്ഞു. എന്നാൽ രാജ്യം ഉപേക്ഷിച്ച് പോകുന്നത് ഒരു പ്രതിവിധിയല്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഭീകരവാദം അവസാനിക്കും എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. അത് റദ്ദാക്കിയിട്ട് ഇപ്പോൾ എത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. താഴ്വരയിൽ ഭീകരവാദം അവസാനിച്ചോ എന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.
അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിൽ ഭീകരവാദം വലിയ തോതിൽ കുറഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ കണക്കുകൾ സഹിതം വ്യക്തമാക്കിയിരുന്നു. പത്താൻ സിനിമയുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ള നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെയും വിമർശനങ്ങൾ ഉയരുകയാണ്.
Comments