‘ഹരിവരാസനം’; മാളികപ്പുറത്തിലെ രണ്ടാമത്തെ ​ഗാനം ഇന്ന്

Published by
Janam Web Desk

ഉണ്ണിമുകുന്ദൻ നായകനാകുന്ന മാളികപ്പുറം ഡിസംബർ 30-നാണ് തിയറ്ററുകളിലെത്തുന്നത്. പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ച ചിത്രത്തിന്റെ ട്രെയിലറും ​ഗാനവും പുറത്തിറങ്ങിയിരുന്നു. ​സിനിമയുടെ രോമാഞ്ചം കൊള്ളിക്കുന്ന ട്രെയിലറിനും ആവേശവും ഭക്തിയും സമന്വയിക്കുന്ന ​’ഗണപതി തുണയരുളുക’ എന്ന ​ഗാനത്തിനും ഗംഭീര സ്വീകരണമാണ് സിനിമാ പ്രേമികളിൽ നിന്നും അയപ്പ ഭക്തരിൽ നിന്നും ലഭിച്ചത്. മണ്ഡലകാലത്ത് റിലീസ് ചെയ്യുന്ന ചിത്രം അയപ്പ ഭക്തർക്കുള്ള സമർപ്പണം കൂടിയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ രണ്ടാമത്ത ​ഗാനമായ ‘ഹരിവരാസനം’ ഇന്ന് വൈകിട്ട് 6-ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മാളികപ്പുറത്തിന് വേണ്ടി ‘ഹരിവരാസനം’ പാടിയിരിക്കുന്നത് ഗായകൻ പ്രകാശ് സാരംഗ് ആണ്. ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കാൻ ഗായകനെ തിരഞ്ഞെടുക്കുന്നതിന് മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകർ സംഗീത മത്സരം സംഘടിപ്പിച്ചിരുന്നു. ആയിരത്തിലേറെ ഗായകർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് പ്രകാശ് സാരംഗ് തിരഞ്ഞെടുക്കപ്പെട്ടത്. പുത്തൂർ സ്വദേശിയായ പ്രകാശ്, ഗാനമേള വേദികളിൽ സജീവ സാന്നിധ്യമാണ്. പത്തനംതിട്ടയിലെ സാരംഗ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകനാണ് ഇദ്ദേഹം. ഗായകൻ കെ.ജെ.യേശുദാസിന്റെ ശബ്ദത്തോടു സാമ്യമുള്ള പ്രകാശിന്റെ ആലാപനം മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാളം,തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിരിക്കും ചിത്രം റിലീസിനെത്തുക. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Share
Leave a Comment