കൊച്ചി: എംഎൽഎ സജി ചെറിയാന് എതിരെയുള്ള കേസ് പിൻവലിക്കാനുള്ള കേരളാ പോലീസിന്റെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാൻ കുറ്റം ചെയ്തിട്ടില്ല എന്ന പോലീസ് അന്വേഷണ റിപ്പോർട്ടിൽ പുനഃ പരിശോധന വേണമെന്നുള്ള ആവശ്യം ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അഡ്വക്കേറ്റ് ബൈജു നോയലിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സജി ചെറിയാൻ ഭരണഘടനവിരുദ്ധ പരാമർശം നടത്തിയ കേസിലുള്ള അന്വേഷണം കേരള പോലീസിൽ നിന്നും മറ്റൊരു അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്നുള്ള ഹർജിയുമാണ് കോടതി ഫയലിൽ സ്വീകരിച്ചത്.
സജി ചെറിയാൻ എംഎൽഎയുടെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണമാണ് ഹർജിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഹർജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പോലീസ് കോടതിയിൽ കൈമാറിയത്.
കഴിഞ്ഞ ജൂലൈ 3-ന് മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയ്ക്കിടെയായിരുന്നു സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം. കടുത്ത പ്രതിഷേധത്തിനൊടുവിൽ ജൂലൈ 6-ന് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വച്ചു. പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് സജി ചെറിയാൻ ചെയ്തത്. ഭരണഘടനയേയോ ഭരണഘടന ശിൽപികളെയോ അപകീത്തിപ്പെടുത്തിയിട്ടില്ലെന്നും, അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.
Comments