ഫുട്പാത്തിലൂടെ നടന്ന വീട്ടമ്മ കാനയിൽ വീണു; പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published by
Janam Web Desk

തൃശൂർ: അശാസ്ത്രീയമായി നിർമിച്ച കാനയിൽ വീണ് വീട്ടമ്മയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

തൃശൂർ വടക്കാഞ്ചേരിയിലാണ് 8 അടിയോളം താഴ്ചയുള്ള കാനയിലേക്ക് സ്ത്രീ വീണത്. റോഡരികിലെ കാൽനടപ്പാതയ്‌ക്ക് കുറുകയുണ്ടായിരുന്ന ഇരുമ്പ് പൈപ്പിൽ തട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത നിർമ്മാണം ആണ് അപകടത്തിന് വഴിവച്ചത്.

വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശി ഗീതയ്‌ക്കാണ് പരിക്കേറ്റത്. ഇവർ വീണത് കണ്ട് സമീപത്ത് നിന്നിരുന്നവരും ഓട്ടോറിക്ഷ ഡ്രൈവർമാരും സ്ഥലത്തെ വ്യാപാരികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ തന്നെയാണ് ആംബുലൻസ് വിളിച്ച് ഗീതയെ ആശുപത്രിയിലേക്ക് മാറ്റിയതും. ഇവരുടെ നടുവിനും ശരീരത്തിനും പരിക്കേറ്റിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. അശാസ്ത്രീയ നിർമ്മാണത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.

Share
Leave a Comment