ന്യൂഡൽഹി: ഫിഫ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം ബിസിസിഅഎ സെക്രട്ടറി ജയ് ഷായുമായി പങ്കുവെച്ച് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. മെസി ഒപ്പുവെച്ച ജേഴ്സിയാണ് ജയ് ഷായ്‌ക്കുള്ള സ്നേഹ സമ്മാനമായി ലഭിച്ചിരിക്കുന്നത്. മെസി ഒപ്പ് വെച്ച ജേഴ്സിയുമായി നിൽക്കുന്ന ജയ് ഷായുടെ ചിത്രം സാമൂഹിക മാദ്ധ്യമത്തിൽ പങ്കു വെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ.
#GOAT തന്റെ കൈയ്യൊപ്പ് പതിച്ച മാച്ച് ജേഴ്സി സ്നേഹ സമ്മാനമായി ജയ് ഭായിക്ക് അയച്ചിരിക്കുകയാണ്. എത്ര വിനീതനായ മനുഷ്യനാണ് അദ്ദേഹം, എന്ന തലക്കെട്ടോടെയാണ് ഓജ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഓജയുടെ പോസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘പാര ജയ് ഷാ (ജയ് ഷായ്‌ക്ക്)‘ എന്ന സന്ദേശവും കൈയ്യൊപ്പിനോടൊപ്പം മെസി കുറിച്ചിട്ടുണ്ട്.
നേരത്തേ, ലോകകപ്പ് നേടിയ അർജന്റീനയ്‌ക്ക് ആശംസകൾ അർപ്പിച്ച് ജയ് ഷാ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇതും ക്രിക്കറ്റ്- ഫുട്ബോൾ ആരാധകർ ഏറ്റെടുത്തിരുന്നു.
Comments