മിർപൂർ: കളി കൈവിട്ടു പോയെന്ന ഘട്ടത്തിലാണ് രക്ഷകരായി അശ്വിനും ശ്രേയസ് അയ്യരും ക്രീസിലെത്തിയത്. ഒടുവിൽ കളി ജയിപ്പിക്കുന്നത് വരെ ഇരുവരും അപരാജിതരായി ക്രീസിൽ തുടർന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര 2-0 നേടി.
ഞായറാഴ്ച കളി തുടരുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 45 എന്ന നിലയിലായിരുന്നു. സ്‌കോർബോർഡിൽ 29 റൺസ് കൂട്ടി ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി. ഉനദ്കട്ടും ഋഷഭ് പന്തും അക്‌സർ പട്ടേലും വീണപ്പോൾ ഇന്ത്യയുടെ സ്‌കോർ 7ന് 74 എന്ന നിലയിലായി. മൂന്നക്കം കാണില്ലെന്ന കരുതിയ ഘട്ടത്തിലാണ് ശ്രേയസ് അയ്യരും ആർ അശ്വിനും ക്രീസിലെത്തിയത്.
എട്ടാം വിക്കറ്റിൽ ഇരുവരും 71 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അശ്വിൻ(42), ശ്രേയസ്(29) റൺസ് നേടി. മെഹ്ദി ഹസൻ എറിഞ്ഞ 47ാം ഓവറിൽ അശ്വിൻ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും പറത്തി ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. അശ്വിൻ തന്നെയാണ് കളിയിലെ താരം. ചേതേശ്വർ പൂജാര പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
സ്‌കോർ ഇന്ത്യ: 314, 145-7; ബംഗ്ലാദേശ്: 227, 231
















Comments