ഡൽഹി: മദ്യപാനികൾക്ക് പെൺമക്കളെ വിവാഹം ചെയ്തു നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. ഒരു റിക്ഷാവണ്ടി വലിക്കുന്ന വ്യക്തിയേയോ കൂലിപ്പണിക്കാരെയോ വില കുറച്ചു കാണരുത്. എന്നാൽ മദ്യപാനികളെ കൊണ്ട് ഒരിക്കലും പെൺമക്കളെയും സഹോദരിമാരെയും വിവാഹം കഴിപ്പിക്കരുത്. എംപിയെന്ന നിലയിൽ തനിക്കും എംഎൽഎ എന്ന നിലയിൽ ഭാര്യയ്ക്കും തങ്ങളുടെ മകന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല, പിന്നെയെങ്ങനെയാണ് സാധരാണക്കാർക്ക് മദ്യപാനികളെ രക്ഷിക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു. തന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ലംഭുവ നിയമസഭാ മണ്ഡലത്തിൽ ഡി-അഡിക്ഷനെക്കുറിച്ചുള്ള പരിപാടിയിൽ കൗശൽ കിഷോർ സംസാരിച്ചത്.
‘എന്റെ മകൻ ആകാശ് കിഷോറിന് അവന്റെ സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു. അവനെ ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. ആ ദുശ്ശീലം ഉപേക്ഷിക്കുമെന്ന് കരുതി. ആറ് മാസത്തിന് ശേഷം അവൻ വിവാഹിതനായി. എന്നാൽ, വിവാഹത്തിന് ശേഷം കിഷോർ വീണ്ടും മദ്യപിക്കാൻ തുടങ്ങി. അത് ഒടുവിൽ അവന്റെ മരണത്തിലേക്ക് നയിച്ചു. രണ്ട് വർഷം മുമ്പ്, ഒക്ടോബർ 19 ന് ആകാശ് മരിക്കുമ്പോൾ, അവന്റെ മകന് രണ്ട് വയസ്സ് മാത്രമാണ് പ്രായം’.
‘മരുമകൾ വിധവയായത് എന്റെ മകന്റെ മദ്യപാനം മൂലമാണ്. അതിനാൽ മദ്യപാനികൾക്ക് നമ്മുടെ പെൺമക്കളെയും സഹോദരിമാരെയും വിട്ടു നൽകരുത്. സ്വാതന്ത്ര്യ സമരത്തിൽ 6.32 ലക്ഷം പേർ ബ്രിട്ടീഷുകാരോട് പോരാടി ജീവൻ ബലിയർപ്പിച്ചു. അതേസമയം, മദ്യപാനം മൂലം ഓരോ വർഷവും 20 ലക്ഷം ആളുകൾ മരിക്കുന്നു. ക്യാൻസർ മരണങ്ങളിൽ 80 ശതമാനവും പുകയില, സിഗരറ്റ്, ബീഡി എന്നിവയുടെ ഉപയോഗം മൂലമാണ്’ എന്നും കൗശൽ കിഷോർ പറഞ്ഞു.
Comments