മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, നടന്റെ പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ കൂപ്പർ ആശുപത്രി ജീവനക്കാരൻ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാർ ഷാ എന്ന ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തിയിരിക്കുന്നത്. 2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിധിയെഴുതിയ കേസിൽ സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ വ്യക്തിയുടെ തുറന്നു പറച്ചിൽ.
ടിവി9 മറാത്തിക്ക് നൽകിയ അഭിമുഖത്തിൽ രൂപ്കുമാർ ഷാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലെത്തിച്ചത്. അതിൽ ഒരു വിഐപി ബോഡി ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ ജോലി മാത്രം ചെയ്താൽ മതിയെന്നാണ് അവർ പറഞ്ഞത്. ശരീരം മുറിച്ച് തുന്നലായിരുന്നു എന്റെ ജോലി. ആ പോസ്റ്റ്‌മോർട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു. പക്ഷെ, മൃതദേഹത്തിന്റെ ചിത്രം മാത്രം പകർത്തിയാൽ മതിയെന്നായിരുന്നു മേലധികാരികളുടെ നിർദ്ദേശം’.
‘മൃതദേഹം എത്രയും വേഗം കൈമാറണമെന്ന് സർ പറഞ്ഞു. അങ്ങനെയാണ് രാത്രി പോസ്റ്റ്‌മോർട്ടം നടത്തിയത്. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തിൽ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി നോക്കിയപ്പോൾ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. അടിയേറ്റ് കൈയും കാലും ഒടിഞ്ഞത് പോലെ തോന്നി. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു’ എന്നുമാണ് രൂപ്കുമാർ ഷാ പറഞ്ഞത്.
















Comments