സന്നിധാനം; തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴുത് ആയിരങ്ങൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി എത്തിച്ച തങ്കഅങ്കിക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ് നൽകി.
പേടകവും വഹിച്ച് പമ്പയിൽ നിന്ന് തുടങ്ങിയ ഘോഷയാത്രയെ ശരംകുത്തിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രവർത്തകരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം പ്രസിഡന്റും ഉദ്യോഗസ്ഥരും ചേർന്ന് എതിരേറ്റ് ശ്രീകോവിലിലേക്ക് ആനയിച്ചു. പിന്നീട് പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്നായിരുന്നു തങ്ക അങ്കി ചാർത്തി അയ്യപ്പന് ദീപാരാധന നടന്നത്.
ഇതിന് ശേഷമാണ് ഭക്തർക്ക് പതിനെട്ടാം പടി കയറി ദർശനം അനുവദിച്ചത്. തങ്ക അങ്കി ചാർത്തിയുളള അയ്യനെ കണ്ടു തൊഴാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തീർത്ഥാടകരുടെ തിരക്ക് ശരംകുത്തി വരെ നീണ്ടു. പുഷ്പാഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മണ്ഡലപൂജ നടക്കുന്ന ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നെയ്യഭിഷേകം തുടങ്ങും. കളഭാഭിഷേകം കഴിഞ്ഞതിന് ശേഷം തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഉച്ചയ്ക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയാണ് മണ്ഡലപൂജ. രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട വീണ്ടും ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.
Comments