ഡൽഹി: യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. സെലൻസ്കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. ചർച്ച നടന്നായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസും ഔദ്യോഗികമായി അറിയിച്ചു. യുക്രെയ്നിൽ നിന്നും മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാനാണ് മോദി ആവശ്യപ്പെട്ടത്.
‘ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. വിജയകരമായ ജി20 അദ്ധ്യക്ഷത ആശംസിക്കുകയുണ്ടായി. മാത്രമല്ല, ജി20 ഉച്ചകോടി നടക്കാനിരിക്കെ യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ സഹായം ഞാൻ പ്രതീക്ഷിക്കുന്നു. യുഎന്നിന്റെ മാനുഷിക സഹായങ്ങൾക്കും പിന്തുണയ്‌ക്കും ഞാൻ നന്ദി പറയുന്നു’ എന്നാണ് സെലൻസ്കി ട്വിറ്ററിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ‘രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ കഴിയുന്ന അവസരങ്ങളെപ്പറ്റി ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷമാദ്യം യുക്രെയ്നിൽ നിന്നും മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ സുഗമമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചു’ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ 16-ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു.
Comments