അഗർത്തല: ത്രിപുരയിൽ കോൺഗ്രസുമായി കൈക്കോർത്ത് പ്രവർത്തിക്കാൻ നീക്കങ്ങളുമായി സിപിഎം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരിക്കുന്ന എൻഡിഎ സർക്കാരിനെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി സിപിഎം അറിയിച്ചു.
2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തിയതോടെയായിരുന്നു സിപിഎമ്മിന് അധികാരത്തിൽ നിന്നൊഴിയേണ്ടി വന്നത്. രണ്ട് ദശാബ്ദത്തോളം ത്രിപുര ഭരിച്ച കമ്യൂണിസ്റ്റ് പാർട്ടിയെ വലിയ ഭൂരിപക്ഷത്തിന് തകർത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് രൂപീകരിച്ചു. ഇതോടെ രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണമുള്ള ഏകസംസ്ഥാനമായി കേരളം മാറി. 2023 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. കോൺഗ്രസുമായി സംഖ്യം ചേർന്ന് ത്രിപുരയുടെ അധികാരം തിരിച്ചുപിടിക്കാനാണ് സിപിഎം നീക്കം.
ഇക്കാര്യം ചർച്ച ചെയ്യാൻ പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. അഗർത്തലയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന സമിതി യോഗത്തിലും കോൺഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകും.
60 സീറ്റുകളുള്ള ത്രിപുര നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി അധികാരം പിടിച്ചെടുത്തത്. ബിജെപിയും ഐപിഎഫ്ടിയും (Indigenous People’s Front of Tripura) സഖ്യം ചേർന്നായിരുന്നു 2018ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതോടെ 25 വർഷം നീണ്ട ഇടതുഭരണത്തിന് ത്രിപുരയിൽ പരിസമാപ്തിയായി. തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ ബിജെപിയും 8 സീറ്റുകൾ ഐപിഎഫ്ടിയും നേടിയിരുന്നു. സിപിഎമ്മിന് 15 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ പ്രധാന പ്രതിപക്ഷം കോൺഗ്രസ് ആണെന്നതിനാൽ ത്രിപുരയിൽ യുഡിഎഫുമായി സിപിഎം കൈക്കോർക്കുന്നതിൽ അതൃപ്തി ഉടലെടുത്തേക്കുമെന്നാണ് സൂചന. ചർച്ചകൾക്കൊടുവിൽ സ്വീകരിക്കുന്ന അന്തിമ തീരുമാനം തിരഞ്ഞെടുപ്പിൽ നിർണായകമാകും.
















Comments