കൊച്ചി: നടൻ ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പ്രേക്ഷകർ ഏകെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച വിവരം നടൻ തന്റെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് കരസ്ഥമാക്കാവുന്നതാണ്. മാളികപ്പുറം ഡിസംബർ 30 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ബുക്കിംഗ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ബുക്കിംഗ് ആംഭിച്ച് മണിക്കൂറുകൾക്കകം നിരവധി പേരാണ് ടിക്കറ്റ് സ്വന്തമാക്കിയത്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിൻറോ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.സൈജു കുറുപ്പ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
മല്ലുസംിഗ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം കണ്ടെത്തിയ ഉണ്ണിമുകുന്ദൻ ഇതിനോടകം തന്നെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. തെന്നിന്ത്യൻ നടി സാമന്ത കേന്ദ്രകഥാപാത്രമായി എത്തിയ യശോദ സിനിമയിൽ ഉണ്ണി നിർണ്ണായകമായ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മേപ്പടിയാനും ഷെഫീക്കിന്റെ സന്തോഷവും ബോക്‌സ്ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു.
Comments