എറണാകുളം: മണ്ണ് കടത്താൻ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിന്റ ദൃശ്യങ്ങൾ പുറത്ത്. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു കുട്ടൻ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ട് ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്ന് ഗ്രേഡ് എസ്‌ഐ. ബൈജു കുട്ടൻ പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. കൈക്കൂലി നൽകിയവരുടെ മൊഴിയെടുത്ത് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സംസ്ഥാനത്ത് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യറാക്കിയിരുന്നു. തുടർന്ന് ഇവരെ നിരീക്ഷിച്ചാണ് കൈക്കൂലി നൽകുന്ന സമയത്ത് പിടികൂടിയത്. ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്.
Comments