അയ്യപ്പൻ എന്ന സത്യത്തെ ഹൃദയാവർജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പിയെത്തിയെന്ന് കുമ്മനം ഫെയ്സ്ബുക്കിൽ കുറിച്ചു. ആനുകാലിക സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയും ചിത്രം ചർച്ച ചെയ്യുന്നു. സിനിമയുടെ ഭാഗമായ എല്ലാ അഭിനേതാക്കളെയും കുമ്മനം രാജശേഖരൻ അഭിനന്ദിച്ചു.
‘മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും വീണ്ടും ഇരമ്പി എത്തി. ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണ്. അയ്യപ്പൻ എന്ന സത്യത്തെ ആസ്വാദകമനസിലേക്ക് ആഴത്തിൽ വേരൂന്നുന്ന സന്ദർഭങ്ങൾ വളരെ ഹൃദയാവർജകമായി അവതരിപ്പിച്ചിരിക്കുന്നു. രണ്ട് കുട്ടികളുടെ നിഷ്കളങ്ക മനസിനും അടങ്ങാത്ത ദാഹത്തിനും മുന്നിൽ സർവതും കീഴടങ്ങുന്നു. മനുഷ്യക്കടത്ത്, കടക്കെണി തുടങ്ങിയ ആനുകാലിക സാമൂഹ്യ പ്രശ്നങ്ങളും വിശ്വാസം കരുത്താർജിക്കുന്ന ഉജ്ജ്വല നിമിഷങ്ങളും ഭംഗിയായി കോർത്തിണക്കിയിട്ടുണ്ട്. നടീ നടന്മാരുടെ അഭിനയ ചാതുര്യത്തിനും സർഗ്ഗവൈഭവത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം അനുമോദനങ്ങൾ’ എന്നുമാണ് കുമ്മനം രാജശേഖരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Comments