ന്യൂഡൽഹി: 2022-ൽ രാജ്യതലസ്ഥാനത്ത് അനധികൃതമായി എത്തിയത് 437 വിദേശ പൗരന്മാർ. ഡൽഹി ദ്വാരകയിൽ തങ്ങിയ വിദേശികളുടെ കണക്കാണിത്. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഇവരെ നാടു കടത്താൻ കഴിഞ്ഞതായും പോലീസ് വ്യക്തമാക്കി.
സാധുവായ വിസയില്ലാതെ ഇന്ത്യയിൽ തങ്ങുകയും ദ്വാരകയിൽ താമസിക്കുകയും കറങ്ങുകയും ചെയ്ത ഇവരെ സംഘം തിരിഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ വർഷം മൊത്തം 437 വിദേശ പൗരന്മാരെ പിടികൂടുന്നതിൽ ദ്വാരക പോലീസ് വിജയിച്ചു. ആന്റി നർക്കോട്ടിക് സെൽ, എടിഎസ്, ഉത്തം നഗർ, വടക്കൻ ദ്വാരക, മോഹൻ ഗാർഡൻ എന്നീ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത ഇടപെടലിലാണ് വിദേശികളെ പിടികൂടിയത്. ദ്വാരക പോലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
നവംബർ-ഡിസംബർ മാസങ്ങളിൽ 69 നൈജീരിയൻ പൗരന്മാരെയും സംഘം പിടികൂടി. ഇവരും സാധുവായ വിസയില്ലാതെ ഇന്ത്യയിൽ താമസിച്ചവരാണ്. ഇവരെ നാടുകടത്താൻ ഉത്തരവിട്ട് എഫ്ആർആർഒയ്‌ക്ക് മുന്നിൽ ഹാജരാക്കി. ഇതനുസരിച്ച് ഇവരെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. വിദേശികളെ പ്രതിരോധിക്കാൻ ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനയില്ലാതെ വിദേശികൾക്ക് വാടകയ്‌ക്ക് സ്ഥലം നൽകുന്ന ഭൂവുടമകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
















Comments