2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുസ്ലീം വോട്ട് ബാങ്ക് തങ്ങൾക്ക് അനുകൂലമാക്കാൻ വിവിധ മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുസ്ലീം വോട്ട് ബാങ്ക് ശിഥിലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ ആഗ്രഹത്തിന് കൂട്ടു നിൽക്കുകയാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയെന്നും മത നേതാക്കളോട് നിതീഷ് കുമാർ പറഞ്ഞു. ഇരുപാർട്ടികളെയും മുസ്ലീം സമുദായം ഒഴിവാക്കി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് മുസ്ലീം മത നേതാക്കളുമായി കൂടിക്കാഴ്ച നടന്നത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട മുസ്ലീം നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും ജനതാദൾ യുണൈറ്റഡിലെ മുസ്ലീം നേതാക്കളെ ചർച്ചയ്‌ക്ക് ക്ഷണിച്ചില്ല. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് സജീവമാകാൻ ശ്രമിക്കുകയാണ്. സാമുദായിക സൗഹാർദം തകർക്കാൻ അവർ ശ്രമിക്കും. വിഘടന ശക്തികൾക്കെതിരെ അതീവ ജാഗ്രത പുലർത്താൻ മുസ്ലീം സമുദായം തയ്യാറാകണമെന്ന് നിതീഷ് കുമാർ പറഞ്ഞു.
ബിജെപിയുടെ ബി ടീമാണ് എഐഎംഐഎം എന്ന വാദവും ബിഹാർ മുഖ്യമന്ത്രി ഉയർത്തി. അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്കെതിരെ ജാഗ്രത പാലിക്കണം. ബിജെപി ഉയർത്തുന്ന വർഗീയ അന്തരീക്ഷം തകർക്കാർ ഒവൈസിയെപ്പോലുള്ള നേതാക്കൾ വിദ്വേഷ പ്രസ്താവനകൾ ഉപയോഗിച്ചു. ഇത് മുസ്ലീം വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമായി. ബിഹാറിലെ മുസ്ലീങ്ങളുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി കഴിഞ്ഞ 18 വർഷമായി തന്റെ സർക്കാർ പ്രവർത്തിക്കുകയാണ്. മുസ്ലീം വോട്ടുകൾ ജെഡിയുവിലേയ്‌ക്ക് കേന്ദ്രീകരിക്കപ്പെടണമെന്നും നിതീഷ് കുമാർ മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ടു.
















Comments