ഡൽഹി: ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് പ്രവേശിച്ചതോടെ രാഹുൽ ഗാന്ധിയുടെ വേഷവിധാനങ്ങളിലടക്കം വന്ന മാറ്റങ്ങൾ വലിയ വിമർശനങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി നടത്തുന്ന ക്ഷേത്ര ദർശനങ്ങളും കപട ഭക്തിയുമെല്ലാം ചർച്ച ചെയ്യപ്പെടുകയാണ്. രാഹുൽ ഗാന്ധിയെ രാമനോട് ഉപമിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപിയും രംഗത്തു വന്നിരുന്നു. ഹിന്ദു ദൈവങ്ങളെ നിരന്തരം അവഹേളിക്കാനാണ് ഇത്തരം പരാമർശങ്ങളെന്നും മറ്റ് മതങ്ങളിലെ ദൈവങ്ങളുമായി എന്തു കൊണ്ടാണ് രാഹുൽ ഗാന്ധിയെ ഉപമിക്കാത്തതെന്നും ബിജെപി ചോദിക്കുന്നു. ഇപ്പോഴിതാ, ഉത്തർപ്രദേശിലേയ്‌ക്ക് ഭാരത് ജോഡോ യാത്ര കടക്കുന്നതിന് മുമ്പ് ഡൽഹിയിലെ മാർഗട്ട് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
‘മാർഗട്ട് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് യാത്ര തുടങ്ങിയത്. ശക്തിയും ജ്ഞാനവും അറിവും നൽകുന്ന ഹനുമാൻ ജി ഓരോ ഇന്ത്യൻ സഞ്ചാരിയുടെയും പാത കാണിച്ചുകൊടുക്കുകയും യാത്രയ്‌ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ശക്തി നൽകുകയും ചെയ്യട്ടെ’ എന്ന് കുറിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഭാരത് ജോഡോ യാത്ര നടന്നപ്പോൾ ക്ഷേത്രങ്ങൾ ദർശിക്കാൻ രാഹുൽ തയ്യാറായില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് യാത്ര പ്രവേശിച്ചതു മുതൽ ക്ഷേത്രങ്ങൾ ദർശിക്കാനും ഹിന്ദു വിശ്വാസങ്ങളെപ്പറ്റി സംസാരിക്കാനുമാണ് രാഹുൽ ഗാന്ധി സമയം കണ്ടെത്തുന്നത്. ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനെയല്ല, മറിച്ച് കപട ഭക്തിയും കപട ഹിന്ദു വിശ്വാസവും മുന്നോട്ട് വയ്‌ക്കുന്നതിനെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത്.
9 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം ഡൽഹിയിൽ പുനരാരംഭിച്ച യാത്ര ജനുവരി 3-ന് ഉച്ചകഴിഞ്ഞാണ് യുപിയിൽ പ്രവേശിച്ചത്. 2020-ൽ കലാപമുണ്ടായ വടക്കു കിഴക്കൻ ഡൽഹിയിലൂടെയായിരുന്നു യാത്ര. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശിവസേന എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തിരുന്നു.
















Comments