കോട്ടയത്ത് ഹോട്ടലിൽ നിന്ന് നഴ്സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെടുത്തി, സമാനമായ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ അൽഫോൻസ് പുത്രൻ. പതിനഞ്ച് വർഷം മുൻപ് ആലുവയിൽ ഒരു കടയിൽ നിന്നും ഷവർമയും മയൊണൈസും കഴിച്ച തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും, അന്ന് ചികിത്സയ്ക്കായി വേണ്ടി വന്നത് 70,000 രൂപയാണെന്നുമാണ് അൽഫോൻസ് പുത്രൻ പറയുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം അൽഫോൻസ് പുത്രൻ തുറന്ന് പറഞ്ഞത്.
” പതിനഞ്ച് വർഷം മുൻപ് ആലുവയിലെ രെു കടയിൽ നിന്ന് ഞാനൊരു ഷവർമയും മയൊണൈസും കഴിച്ചു. ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. അടുത്ത ദിവസം കടുത്ത വയറുവേദന. ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവാക്കിയത്. എംസിയുവിലായിരുന്നു കിടന്നിരുന്നത്. ഒരു കാരണവും ഇല്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമായി. എന്നാൽ പഴകിയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്ക് കാരണം. ആരാണ് ഇവിടെ യഥാർത്ഥ കുറ്റവാളി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പേരിൽ ഒരു മിനിസ്ട്രി തന്നെ വരണം. ഫുഡ് ഇൻസ്പെക്ഷൻ ടീം ഇതിന് കീഴിൽ പ്രവർത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. എല്ലാവരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചെലവാക്കുന്നത്. അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചത് കൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെ എങ്കിലും തിരിച്ച് കൊടുക്കും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്ത് എന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം 7 ലക്ഷം ആയിട്ടുണ്ടാകും. ഈ 70,000 ഒരു വിസ്മയം പോലെ വന്നതാണ്. എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും” അൽഫോൻസ് പുത്രൻ പറയുന്നു.















