റാഞ്ചി: ഝാർഖണ്ഡിൽ സ്കൂളുകളുടെ അവധി നീട്ടി. ശീതതരംഗത്തെ തുടർന്നാണ് സ്കൂളുകൾക്ക് നൽകിയ അവധി നീട്ടിയത്. ഈ മാസം 8 മുതൽ മാത്രമേ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചു.
നിലവിൽ 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്ഥാനത്തെ കുറഞ്ഞ താപനില. തുടർന്നുള്ള ദിവസങ്ങളിലും ഇതേ താപനില തുടരുകയോ, താപനില ഇതിലും താഴുകയോ ചെയ്തേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിലാണ് സ്കൂളുകളുടെ അവധി നീട്ടിയത്.
അതേസമയം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണം. അതാത് പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിക്കണമെന്നാണ് അദ്ധ്യാപകർക്കുള്ള നിർദ്ദേശം. ഇതിന് പുറമേ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽ ഉത്തരേന്ത്യയിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ-സർക്കാർ സ്കൂളുകൾക്കും ഈ മാസം എട്ട് വരെയാണ് പഞ്ചാബ് സർക്കാർ അവധി നൽകിയിരിക്കുന്നത്. ഈ മാസം 15 വരെയാണ് ഹരിയാനയിൽ സ്കൂളുകൾക്ക് അവധി.
Comments