ഇലക്ട്രോണിക് മേഖലയിലെ അതികാരായ സോണിയും വാഹന നിർമ്മാതാക്കളായ ഹോണ്ടയും കൈകോർക്കുന്നു. 2020-ല്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ‘സോണി വിഷന്‍ എസ്’ എന്ന പേരില്‍ ഒരു വൈദ്യുതി കാറിന്റെ ആശയം സോണി അവതരിപ്പിച്ചിരുന്നു. എന്നാൽ, കാർ നിർമ്മാണത്തിൽ അനുഭവ സമ്പത്ത് ഇല്ലാത്തതിനാൽ ആ മേഖലയിലേയ്‌ക്ക് പ്രവേശിക്കുന്നില്ലെന്നും സോണി പറഞ്ഞു. ഇപ്പോഴിതാ, സോണിയുടെ ആ ആശയത്തിന് ഹോണ്ട കൈ കൊടുത്തിരിക്കുകയാണ്.
സോണിയും ഹോണ്ടയും ചേര്‍ന്ന് പുതിയൊരു ഇവി ബ്രാന്‍ഡിന് തുടക്കമിട്ടിരിക്കുകയാണ്. ‘അഫീല’ എന്നു പേരിട്ട കമ്പനിയുടെ ആദ്യ ഉൽപ്പനം സോണി നേരത്തെ പ്രഖ്യാപിച്ച കാറായിരിക്കും. കാറിനുള്ളില്‍ പ്ലേ സ്റ്റേഷന്‍ വരെ ഒരുക്കിയാണ് സോണി വാഹനപ്രേമികളെ അതിശയിപ്പിക്കുന്നത്. ലാസ്‌വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയ്‌ക്കിടെ അഫീലയുടെ സി.ഇ.ഒ യാസുഹൈഡ് മിസൂനോയാണ് സോണിയും ഹോണ്ടയും കൈ കോര്‍ത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയത്.
2025-ന്റെ ആദ്യം വിഷന്‍ എസ് കാറിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നും 2026-ല്‍ വടക്കേ അമേരിക്കയില്‍ വില്‍പന ആരംഭിക്കുമെന്നുമാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിൽ 500 കിലോമീറ്റര്‍ റേഞ്ച് കിട്ടുന്ന 100kWh ശേഷിയുള്ള ബാറ്ററിയാവും അഫീലയുടെ ഇലക്ട്രിക് കാറിന് നൽകുക. ഹൈ ടെക് സെന്‍സറുകള്‍, ക്യാമറകള്‍, ലിഡാര്‍ സെന്‍സറുകള്‍, റഡാറുകള്‍ എന്നിവയെല്ലാം കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഹോണ്ടയുടെ ഉടമസ്ഥതയിലുള്ള 12 കാര്‍ നിര്‍മ്മാണ ഫാക്ടറികളില്‍ ഏതിലെങ്കിലും ഒന്നിലായിരിക്കും അഫീല കാറുകളുടെ നിര്‍മ്മാണം.
Comments