കലാസംവിധായകൻ സുനിൽ ബാബുവിന്റെ അപ്രതീക്ഷ വിയോഗവാർത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ദിനങ്ങളുടെ ഓർമ്മയിലാണ് പ്രമുഖ നടൻ ദുൽഖർ സൽമാൻ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദുൽഖർ സുനിൽ ബാബുവിനെ ഓർക്കുന്നത്. ‘ഹൃദയം വേദനിക്കുന്നു. സ്വന്തം കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്ദമായി ജോലിയിൽ ഏർപ്പെട്ടിരുന്ന വ്യക്തി. ഓർമകൾക്ക് നന്ദി സുനിലേട്ടാ. നിങ്ങൾ നമ്മുടെ സിനിമകൾക്ക് ജീവൻ നൽകി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുന്നു’ ദുൽഖർ സൽമാൻ കുറിച്ചു. അപാരമായ കഴിവുള്ളയാളായിരുന്നു അദ്ദേഹമെന്നാണ് ദുൽഖർ കുറിപ്പിൽ പറയുന്നത്. കഴിവുകൾ ഏറെ ഉണ്ടായിരുന്നിട്ടും യാതൊരുവിധ ബഹളവുമില്ലാതെ ആവേശത്തോടെയാണ് അദ്ദേഹം ജോലി ചെയ്തിരുന്നതെന്ന് ദുൽഖർ പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും മികച്ച ടെക്‌നീഷ്യൻമാരിൽ ഒരാളെന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് കുറിച്ചത്.
കലാ സംവിധായകൻ സാബു സിറിലിന്റെ സഹായി ആയാണ് സുനിൽ ബാബു ചലച്ചിത്ര രംഗത്ത് എത്തുന്നത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തചമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് വിയോഗം.
Comments