പൊതുവെ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഐറ്റമാണ് കറിവേപ്പില. എല്ലാ കറികളിലും ഉപ്പേരികളിലും മെഴുക്കുപുരട്ടിയിലും തുടങ്ങി കപ്പ വറുക്കുമ്പോഴും മിക്സ്ച്ചർ ഉണ്ടാക്കുമ്പോഴും വരെ കറിവേപ്പില ഉപയോഗിക്കുന്നവരുണ്ട്. ചവച്ചരച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ കുറവാണെങ്കിലും വേപ്പിലയുടെ മണവും ഗുണവും കിട്ടാനാണ് പലരും ആഹാരസാധനങ്ങളിൽ കറിവേപ്പില ഉപയോഗിക്കുക.
വേപ്പില കടകളിൽ നിന്ന് വാങ്ങുന്നതാണ് ചിലരുടെ പതിവ്. ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും വേപ്പ് ഇല്ലെന്നത് തന്നെയാണ് പ്രധാന കാരണം. നട്ടുവളർത്താൻ ശ്രമിച്ചാലും കിളിർത്ത് വരാനും തഴച്ചുവളരാനും വലിയ പ്രയാസമാണ്. എന്നാൽ നമ്മുടെ വീട്ടുമുറ്റത്ത് കറിവേപ്പില തഴച്ചു വളരാനുള്ള സൂത്രവിദ്യയുണ്ട്. അതെന്താണെന്ന് നോക്കാം..
ഒരു മുറി നാരങ്ങയും ഡിഷ് വാഷ് ലിക്വിഡുമാണ് ഇതിന് വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മുറി നാരങ്ങ പിഴിഞ്ഞെടുക്കുക. അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് ഒന്നോ രണ്ടോ തുള്ളി ചേർക്കുക. ശേഷം ഈ മിശ്രിതം ആഴ്ചയിലൊരിക്കൽ കറിവേപ്പ് തൈയ്‌ക്ക് നല്ലപോലെ സ്പ്രേ ചെയ്ത് നൽകുക.
നാരങ്ങ ചേർക്കുന്നത് വേപ്പില തഴച്ചുവളരാനും ലിക്വിഡ് ചേർക്കുന്നത് ഇലയിലെ കീടങ്ങളെ അകറ്റാനുമാണെന്നാണ് പറയപ്പെടുന്നത്. താൽപര്യമുണ്ടെങ്കിൽ നിങ്ങൾക്കും ഈ ടിപ്‌സ് പ്രയോഗിച്ചുനോക്കാം. കറിവേപ്പില തഴച്ചുവളരുമെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടുന്നു.
Comments