കൊല്ലം: പാർട്ടി പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാൻ ദൂരസ്ഥലങ്ങളിലേയ്ക്ക് ഇനി വിമാനത്തിൽ പോകേണ്ട എന്ന് സിപിഎം. അത്തരം യാത്രകൾ ട്രെയിനിലോ ബസിലോ മതിയെന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കും സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. സ്പോൺസർമാരെ കണ്ടെത്തിയും നാട്ടുകാരിൽ നിന്നു പണം പിരിച്ചും വിമാന ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന പതിവ് നിർത്തണമെന്ന് കീഴ്ഘടകങ്ങളോട് പാർട്ടി ഉത്തരവിട്ടു.
പാർട്ടിയുടെ അടിത്തട്ടിലുള്ള നേതാക്കൾ വരെ ആഡംബര ജീവിതവും ധൂർത്തും അനാവശ്യ പണപ്പിരിവുകളും നടത്തുന്നുണ്ട്. ഇത് കർശനമായി വിലക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. തെറ്റുതിരുത്തൽ രേഖ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 18 മുതൽ 22 വരെ ബെംഗളൂരുവിൽ നടക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വിമാനത്തിൽ പോകുന്നതും പാർട്ടി തടഞ്ഞു.
നേതാക്കൾ പ്രതിനിധീകരിക്കുന്ന യൂണിയനിലെ അംഗങ്ങളിൽ നിന്ന് പണപ്പിരിവു നടത്തി ട്രെയിനിൽ പോയാൽ മതിയെന്നാണ് സിപിഎം നിർദ്ദേശം. സിഐടിയു ദേശീയ സമ്മേളനത്തിൽ ഏകദേശം 650 പ്രതിനിധികളോളം കേരളത്തിൽ നിന്നും പങ്കെടുക്കും. എംഎൽഎമാർക്ക് ഉൾപ്പെടെ വിലക്ക് ബാധകമാണ്. ഡൽഹിയിലടക്കം നടക്കുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്ര നടത്തുന്നതും പാർട്ടി വിലക്കിയിട്ടുണ്ട്.
















Comments