ശ്രീനഗർ: വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ച് സിആർപിഎഫ്. പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ സിആർപിഎഫ് സൈനികരെ നിയമിച്ചു. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന അവലോകന ചർച്ചകൾക്ക് ശേഷമാണ് ഇത്. രജൗരി, പൂഞ്ച് മേഖലകളിലാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്.
ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകുമെന്നും സിആർപിഎഫ് അറിയിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആയുധപരിശീലനം നൽകുന്നത് വഴി നിരവധി കുടുംബങ്ങളെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയാനാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രജൗരി ജില്ലയിൽ തോക്കുധാരികൾ വീടുകൾക്ക് നേരെ വെടിയുതിർത്തത്. ഭീകാരാക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേരുടെ ജീവനാണ് പൊലിഞ്ഞത്. രജൗരി പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അപ്പർ ഡാംഗ്രി ഗ്രാമത്തിലെ മൂന്ന് വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡിസംബർ 16-ന് ക്യാമ്പിന് പുറത്ത് പ്രദേശവാസികളായ രണ്ട് പേർ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശവാസികൾ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ വർഷമാണ് ജമ്മു കശ്മീരിൽ പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതി കേന്ദ്രം ആവിഷ്കരിച്ചത്. തുടർന്ന് ഓഗസ്റ്റ് 15-ന് പദ്ധതി പ്രാബല്യത്തിൽ വന്നു. നേരത്തെ പദ്ധതി പ്രകാരം സൈന്യവും പോലീസും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമവാസികൾക്ക് പരിശീലനം നൽകിയിരുന്നു.
Comments