പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങൾ അപൂർവമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ. ജന്മദിനത്തിൽ ഇത്തവണ കൊല്ലൂരിൽ ആഘോഷങ്ങളില്ല, പകരം കൊച്ചിയിലാണ് ആഘോഷ പരിപാടികൾ നടക്കുക.
വർഷങ്ങളായി യേശുദാസ് മൂകാംബിക ദേവിയ്‌ക്ക് സംഗീതാർച്ചനയൊരുക്കാൻ കൊല്ലൂരിലെത്തിയിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹം എത്തില്ല, അദ്ദേഹത്തിനായി പ്രത്യേക പൂജകൾ ഇന്ന് നടക്കും. തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിലാകും പൂജകൾ നടക്കുക. വൈകുന്നേരം ആറ് മണി വരെ സ്വർണമുഖി വേദിയിൽ സംഗീതാർച്ചനയും നടക്കും.ഗാനഗന്ധർവ്വന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാർച്ചനയ്‌ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രൻ നേതൃത്വം നൽകും. കൊല്ലൂരിൽ യേശുദാസിന്റെ ഒരു തരത്തിലുള്ള സാന്നിധ്യവുമില്ലാതെ കടന്നുപോകുന്ന ആദ്യത്തെ ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ വർഷം അമേരിക്കയിലെ ഡാലസിലെ വീട്ടിലിരുന്ന് ഓൺലൈൻ വഴി യേശുദാസ് സംഗീതാർച്ചന നടത്തിയിരുന്നു.
കൊച്ചിയിലെ പിറന്നാളാഘോഷം കൊച്ചിയിൽ പടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. മമ്മൂട്ടിയാണ് മുഖ്യാതിത്ഥി. അമേരിക്കയിൽ കഴിയുന്ന യേശുദാസും ഭാര്യ പ്രഭയും ഡിജിറ്റൽ സ്‌ക്രീനിലൂടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. അദ്ദേഹത്തിന്റെ പുതിയ പ്രണയഗാനം ‘തനിച്ചൊന്നുകാണാൻ’ ആൽബം മമ്മൂട്ടി പ്രകാശനം ചെയ്യും. യേശുദാസ് അക്കാദമിയാണ് സംഘാടകർ. രാവിലെ 11-ന് സംഗീത-സാഹിത്യ-ചലച്ചിത്ര-രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സഹ കലാകാരന്മാരും പിന്നണി ഗായകരും ഒന്നിച്ച് പിറന്നാൾ കേക്ക് മുറിക്കും. ഗായക സംഘടനയായ ‘സമ’ത്തിന്റെ ആഭിമുഖ്യത്തിൽ ഉണ്ണി മേനോൻ, എംജി ശ്രീകുമാർ, വിജയ് യേശുദാസ്, സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായകകർ ആശംസ ഗീതാഞ്ജലി അർപ്പിക്കും.
















Comments