കമ്പനിയുടെ ഏറ്റവും ചെറിയ എസ്‍യുവി പുറത്തിറക്കാനൊരുങ്ങി ഹോണ്ട. വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന മോഡലിന്റെ ചിത്രങ്ങൾ ഹോണ്ട പുറത്തുവിട്ടു. വാഹനത്തിന്റെ ഗ്രാഫിക്കൽ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളോന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എസ്‍യുവി നിരകളിൽ ചെറിയവൻ വരുന്നതോടെ വിപണിയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.
ഡേടൈം റണ്ണിംഗ് ലാംമ്പുകൾ, എൽഇഡി ഫോഗ് ലാംമ്പ്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ടാകുമെന്ന് കരുതുന്നു. ക്രെറ്റ, സെൽറ്റോസ്, ഗ്രാന്‍ഡ് വിറ്റാര, ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾ വാണരുളുന്ന മിഡ് സൈസ് എസ്‍യുവി വിപണിയിലേക്കാണ് ഹോണ്ട പുതിയ കുഞ്ഞൻ വാഹനവുമായി എത്തുന്നത്. ഈ വർഷം പകുതിയിൽ പുതിയ വാഹനം ഹോണ്ട വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട അമേസിന്റെ പരിഷ്കരിച്ച പ്ലാറ്റ്ഫോം ആയിരിക്കും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. എച്ച്ആർ–വി എസ്‌യുവിയുമായി സാമ്യം പുതിയ വാഹനത്തിനുണ്ടാകും.
4.2 മുതൽ 4.3 മീറ്റർ വരെ നീളമായിരിക്കും വാഹനത്തിനുണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, എഡിഎസ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എൻജിൻ വകഭേദങ്ങളോടെയാകും വാഹനമെത്തുക. 121 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ, ഹോണ്ട സിറ്റിയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിൻ എന്നിവയായിരിക്കും പുതിയ എസ്‍യുവിക്ക് കരുത്ത് പകരുക.
Comments