ഡെറാഡൂൺ: ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിന് വിധേയമായ കുടുംബങ്ങൾക്ക് വേണ്ടി 45 കോടി രൂപ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വീടുകളിലും റോഡുകളിലും വിള്ളൽ സംഭവിച്ച് അപകട ഭീഷണിയിലായതോടെ മാറ്റിപ്പാർപ്പിക്കപ്പെട്ട കുടുംബങ്ങൾക്കാണ് സഹായധനം കൈമാറുക. ഏകദേശം മൂവായിരത്തോളം കുടുംബങ്ങൾക്ക് വേണ്ടിയുള്ളതാണ് പാക്കേജ്.
സഹായധനം നൽകുന്നതിന്റെ ആദ്യഘട്ടത്തിൽ ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ വീതം നൽകും. ജോഷിമഠിലെ വിള്ളലുകൾ രൂപപ്പെട്ട ഭൂമിയിലെ ഉടമകൾക്കും വീടുകൾ തകർന്ന കുടുംബങ്ങൾക്കും അഡ്വാൻസായി ഒരു ലക്ഷം രൂപ ഉടൻ നൽകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. വീട്ടുസാധനങ്ങളും മറ്റും ട്രാൻസ്‌പോർട്ട് ചെയ്യാനും അവശ്യകാര്യങ്ങൾ നടപ്പിലാക്കാനും ഓരോ കുടുംബത്തിനും 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൈമാറും.
ജോഷിമഠിലെ മണ്ണിടിച്ചിലും വിള്ളലും മൂലം 720 കെട്ടിടങ്ങൾക്കാണ് തകരാർ സംഭവിച്ചത്. മേഖലയിലെ അത്ഭുത പ്രതിഭാസത്തിന് കാരണം കണ്ടെത്താൻ ജിയോളജി വകുപ്പും മറ്റ് വിദഗ്ധരും പരിശോധന തുടരുകയാണ്.
ദുരന്തബാധിതരെ നിലവിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അപകട മേഖലകളിൽ നിന്ന് ഇതിനോടകം 145 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
ഇപ്പോൾ കൈമാറുന്ന ഒന്നരലക്ഷം രൂപ ഇടക്കാല സഹായം മാത്രമാണ്. വിപണി നിരക്കിന് അനുസൃതമായ തുക മാറ്റിത്താമസിക്കപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി ധാമി വ്യക്തമാക്കി.
Comments