കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി പോയ വിമാനം തകർന്ന് വീണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവർ മരിച്ചതിന്റെ നടുക്കത്തിലാണ് നാം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമായിരുന്നു തകർന്നത്. ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുണ്ടായിരുന്നു അപകടം. 14 വിദേശികൾ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതാദ്യമായല്ല നേപ്പാളിൽ വിമാനാപകടമുണ്ടാകുന്നത്.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ നിരവധി വിമാനങ്ങൾ നേപ്പാളിൽ വച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ദുർഘടമായ ഭൂപ്രകൃതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വ്യോമമേഖലയില നിക്ഷേപത്തിന്റെ അഭാവവുമെല്ലാം രാജ്യത്ത് വലിയ അപകടങ്ങളുണ്ടാകുന്നതിലേക്ക് നയിച്ചു. പെട്ടന്നുള്ള കാലാവസ്ഥാ മാറ്റവും പർവ്വത നിരകൾ നിറഞ്ഞ ഭൂപ്രകൃതിയുമാണ് അടിക്കടിയുണ്ടാകുന്ന വിമാനാപകടങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ കാഠ്മണ്ഡുവിൽ താര എയർലൈൻസിന്റെ വിമാനം തകർന്ന് വീണ് നാല് ഇന്ത്യക്കാരുൾപ്പടെ 22 പേർ മരിച്ചിരുന്നു. പൊഖാറയിൽ നടന്ന അപകടത്തിന് മുമ്പുണ്ടായ വിമാനാപകടം അതാണ്. 2000ത്തിന് ശേഷം മാത്രം പത്തിലധികം വിമാനാപകടങ്ങൾ നേപ്പാളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 അപകടങ്ങളിലായി നിരവധി ഇന്ത്യക്കാരും മരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ അപൂർവ്വം ചിലർ മാത്രമേ രക്ഷപ്പെട്ടതായി ചരിത്രമുള്ളൂ..
Comments