തിരുവനന്തപുരം: കാര്യവട്ടം ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിൽ സ്‌റ്റേഡിയത്തിൽ കാണികൾ കുറഞ്ഞ സംഭവത്തിൽ കായിക മന്ത്രിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രി അബ്ദുറഹ്‌മാന്റെ പരാമർശം വരുത്തിവെച്ച വിന കഴിഞ്ഞ ദിവസം നേരിൽ കണ്ടെന്ന് പറഞ്ഞ പന്ന്യൻ, ഈ അവസ്ഥ പരിതാപകരമാണെന്നും പ്രതികരിച്ചു.
മന്ത്രിയുടെ പരാമർശം കെസിഎയ്‌ക്ക് മാത്രമല്ല സർക്കാരിന് കൂടിയാണ് നഷ്ടം വരുത്തിവെച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ മത്സരങ്ങൾ ഇവിടെ നിന്നും മാറിപ്പോയാൽ നഷ്ടം കായിക പ്രേമികൾക്ക് കൂടിയാണെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു.
പട്ടിണിപാവങ്ങൾ കളി കാണാൻ വരേണ്ടെന്ന മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായെന്നാണ് കെസിഎയുടേയും അഭിപ്രായം. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് ഇത് പരസ്യമായി സമ്മതിച്ചിരുന്നു. കളികാണാൻ എത്താതിരുന്നതിൽ നഷ്ടം ആരാധകർക്കാണെന്നായിരുന്നു അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രതികരണം.
40,000 പേർ കൊള്ളുന്ന സ്റ്റേഡിയത്തിൽ ആകെ എത്തിയത് 6000 താഴെ കാണികൾ മാത്രമാണ്. ഇതിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
Comments