എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ അരങ്ങേറിയ ആർആർആർ ചിത്രം വിജയക്കൊടി പാറിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ചിത്രം പുരസ്‌കാര നിരയുടെ നിറവിലാണ്. ഏറ്റവും ഒടുവിൽ ചിത്രം ഗോൾഡൻ ഗ്ലോബ് 2023-ലെ ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരവും കരസ്ഥമാക്കി. ചിത്രത്തിൽ നായക വേഷത്തിൽ തകർത്താടിയ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ഇപ്പോൾ മാദ്ധ്യമങ്ങളിലെ തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ചിത്രത്തിന് സിയാറ്റിൽ ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചിരിക്കുകയാണ്. മികച്ച ആക്ഷൻ കൊറിയോഗ്രഫിക്കുളള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പ്രേം രക്ഷിതും ദിനേഷ് ക്രിഷ്ണനുമാണ് ചിത്രത്തിലെ സ്റ്റണ്ട് സീനുകളുടെ കൊറിയോഗ്രഫി നിർവഹിച്ചത്. കൂടാതെ വിക്കി അറോറ, ഇവാൻ കോസ്റ്റാഡിനോവ്, നിക്ക പവൽ, റൈച്ചോ വാസിലേവ് എന്നിവർ ചിത്രത്തിന്റെ സ്റ്റണ്ട് കോ-ഓഡിനേറ്റേഴ്‌സ് ആയി പ്രവർത്തിച്ചിരുന്നു.
2023 ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ആർആർആറിന്റെ വിജയ സാധ്യത ഇതിൽ നിന്നും വ്യക്തമാകുന്നു. 14 വിഭാഗങ്ങളിലായാണ് ചിത്രം നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. അവസാനഘട്ട നോമിനേഷൻ ജനുവരി 24-ന് പ്രഖ്യാപിക്കും.
2022 മാർച്ചിൽ തിയറ്ററുകളിലെത്തിയ ചിത്രം ഭാഷാഭേദമന്യേ ആരാധകർ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. 1200 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നും സിനിമ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ ചിത്രം ജപ്പാനിൽ വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുക്കയാണ്.
Comments