വെല്ലിംഗ്ടൻ: ന്യൂസീലന്റ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബർ 14-ന് ന്യൂസീലന്റിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസിൻഡയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും അവർ അറിയിച്ചു. അടുത്ത മാസം ഏഴിന് ലേബർ പാർട്ടി നേതാവ് എന്ന സ്ഥാനവും ജസിൻഡ ഒഴിയും. പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും.
‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും, അതിനു ശേഷം സമയമാകും. ഇപ്പോൾ സമയമായി. ഈ ഒരു പദവി ഒരു ഉത്തരവാദിത്വമാണ്. രാജ്യത്തെ നയിക്കാൻ നിങ്ങൾ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിർവഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജ്ജമില്ല’ എന്നാണ് ജസിൻഡ പറഞ്ഞത്. രാജിയ്‌ക്ക് പിന്നിൽ മറ്റൊരു രഹസ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുമെന്നും ജസിൻഡ അറിയിച്ചു. 2017-ൽ തന്റെ 37-ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിൻഡ. 2017-ൽ സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബർ പാർട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി.
















Comments