കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് കുന്തൽ ഘോഷിനെ എൻഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഘോഷിന്റെ വസതിയിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.
അദ്ധ്യാപക നിയമന അഴിമതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശന്തനു ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ് കുന്തൽ ഘോഷ്. ഉദ്യോഗാർത്ഥികളിൽ നിന്നും പണം കൈപ്പറ്റുന്നതിൽ ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുന്തൽ ഘോഷിനെ അറസ്റ്റ് ചെയ്തതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
അദ്ധ്യാപക നിയമന അഴിമതിയിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി, സഹായി അർപിത മുഖർജി തുടങ്ങി എട്ട് പേർ കുറ്റക്കാരാണെന്ന് എൻഫോഴ്സ്മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.
കഴിഞ്ഞ വർഷം ജൂലൈ 23-നാണ് അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തത്. സഹായി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 50 കോടിയിലധികം രൂപയും പിടിച്ചെടുത്തിരിന്നു.
















Comments