29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി!; കമ്പനി അറിഞ്ഞത് മാസങ്ങൾക്ക് ശേഷം

Published by
Janam Web Desk

പട്‌ന: ടെലികോം കമ്പനി ജീവനക്കാരനെന്ന വ്യാജേന 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി. ബിഹാറിലെ പട്‌നയിലാണ് സംഭവം. മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ടവർ മോഷണം പോയ വിവരം കമ്പനി പോലും അറിഞ്ഞത്.

ടെലികോം കമ്പനിയുടെ സാങ്കേതിക വിദഗ്ധർ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി മൊബൈൽ ടവറുകളിൽ സർവേ നടത്തുന്നതിനിടെയാണ് ടവറും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഷഹീൻ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ടവർ സ്ഥാപിച്ചിരുന്നത്.

ജനുവരി 16-നാണ് ടവർ കാണാനില്ലെന്ന് ആരോപിച്ച് ജിടിഎൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏരിയ മാനേജർ പരാതി നല്ഡകിയത്. 2006-ലാണ് പ്രദേശത്ത് എയർസെൽ കമ്പനി ടവർ സ്ഥാപിച്ചത്. എന്നാൽ 2017-ൽ ജിടിഎൽ കമ്പനിയ്‌ക്ക് ടവർ വിറ്റു. 2022 ഓഗസ്റ്റിലായിരുന്നു ടവറുകളുടെ സർവേ അവസാനമായി നടത്തിയത്.

മൊബൈൽ ടവർ പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടയ്മയ്‌ക്ക് കമ്പനി വാടക നൽകിയിരുന്നില്ല. നാല് മാസം മുൻപ് ഒരുസംഘം ആളുകൾ വന്ന് ടവർ പൊളിച്ചുമാറ്റിയെന്ന് ഉടമസ്ഥൻ പറഞ്ഞപ്പോഴാണ് കമ്പനിയും കാര്യം അറിയുന്നത്. ടവർ സാങ്കേതിക തകരാർ ഉണ്ടെന്നും പുതിയത് ഉടൻ സ്ഥാപിക്കുമെന്നും ടവർ പൊളിച്ചുമാറ്റിയവർ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തങ്ങളുടെ കമ്പനിക്കാർ ടവർ നീക്കം ചെയ്തിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Leave a Comment