ന്യൂയോർക്ക്: എസ്എസ് രാജമൗലിയുടെയും ആർആർആറിന്റെയും ഗോൾഡൻ ഗ്ലോബ് നിമിഷങ്ങൾ അവസാനിക്കുന്നില്ല. അവിടെ കണ്ടുമുട്ടിയ വിഖ്യത സംവിധായകരുമായി ചെലവഴിച്ച നല്ല നിമിഷങ്ങൾ പങ്ക് വെക്കുകയാണ് രാജമൗലി തന്റെ സമൂഹ മാധ്യമങ്ങളിൽ. ഇത്തവണ ജെയിംസ് കാമറൂണുമൊത്തുള്ള വിഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത്.
‘ആർആർആറിനെ’ ജെയിംസ് കാമറൂൺ അഭിനന്ദിച്ചത് രാജമൗലി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ജയിംസ് കാമറൂൺ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചിരുന്നു.
“മഹാനായ ജെയിംസ് കാമറൂൺ ‘ആർആർആർ’ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമാകുകയും ഭാര്യയോട് കാണാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പമിരുന്ന് വീണ്ടും കാണുകയും ചെയ്തു. പത്ത് മിനുട്ടോളം സിനിമയെ കുറിച്ച് സംസാരിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും രാജമൗലി പറയുന്നു. താങ്കൾ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേർക്കും നന്ദി”- എന്നാണ് രാജമൗലി ട്വീറ്റ് ചെയ്തത്.
രാജമൗലിയോട് ജെയിംസ് കാമറൂൺ സംസാരിക്കുന്നതിന്റെ വീഡിയോ ആർആർആർ അധികൃതർ തന്നെ പുറത്തുവിട്ടിരിക്കുന്നത്. രാജമൗലിയാണ് ആദ്യം കാമറൂണിനോട് സംസാരിക്കുന്നത്. ‘താങ്കളുടെ എല്ലാ സിനിമകളും കണ്ടു. ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്. താങ്കൾ എനിക്ക് വലിയൊരു പ്രചോദനമാണ്’. അതിന് മറുപടിയായി ജെയിംസ് കാമറൂൺ പറയുന്നു. ‘നന്ദി. അത് ശരിയാണ്. ഇപ്പോൾ നിങ്ങളുടെ കഥാപാത്രങ്ങൾ കാണുമ്പോൾ… അത് ശരിയാണെന്ന് തോന്നുന്നുണ്ട്’. തുടങ്ങിയ രീതിയിലാണ് സംഭാഷണം പുരോഗമിക്കുന്നത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആറിലെ നാട്ടു നാട്ടു…’ ഹോളിവുഡിന്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയത്. എം എം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
















Comments