ന്യൂഡൽഹി: പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കായി അദ്ദേഹം കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ മുൻ നിർത്തി പ്രയത്നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോളനി ഭരണത്തിനെതിരെ അദ്ദേഹം നടത്തിയ ശക്തമായ ചെറുത്തുനിൽപ്പ് വിസ്മരിക്കാനാത്തതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പരാക്രം ദിനം വിപുലമായാണ് കേന്ദ്ര സർക്കാർ ആഘോഷിക്കുന്നത്. ആൻഡമാൻ നിക്കോബാറിൽ നടക്കുന്ന പ്രത്യേക പരിപാടികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്കാര ജോതാക്കളുടെ പേര് നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ചിരിക്കുന്ന അദ്ദേഹത്തിന്റ സ്മാരകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക.
2021ലാണ് കേന്ദ്ര സർക്കാർ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തെ പരാക്രം ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യാ ഗേറ്റിൽ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയും പ്രധാനമന്ത്രി നരേന്ദ്രമോദി അനനാശ്ചാദനം ചെയ്തിരുന്നു.
Comments