കൊൽക്കത്ത: ഭാരതത്തെ ശ്രേഷ്ഠമാക്കാനുള്ള നേതാജിയുടെ സ്വപ്‌നങ്ങൾ ഇനിയും പൂർത്തിയാകാനുണ്ടെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. പരാക്രം ദിനത്തിൽ കൊൽക്കത്തയിൽ നടന്ന സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജിയുടെ സ്വപ്‌നങ്ങൾ പൂർത്തികരിക്കാൻ നമ്മൾ ഒന്നിച്ച് പ്രയത്‌നിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവിത യാത്ര രാഷ്‌ട്രത്തിന് പ്രചോദനം പകരുന്നതാണെന്നും സർ സംഘചാലക് പറഞ്ഞു.
നേതാജി രാഷ്‌ട്രത്തിന് വേണ്ടി ജീവിതം ഹോമിച്ച വ്യക്തിയാണ്. അദ്ദേഹത്തിന് വേണമെങ്കിൽ സുഖ സൗകര്യങ്ങളോടുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ അദ്ദേഹം തനിക്കുണ്ടായിരുന്ന സർവ്വവും രാജ്യത്തിനായി ഹോമിച്ചു. ഭാരതത്തിനെ ശ്രേഷ്ഠമാക്കുക എന്ന അദ്ദേഹതത്തിന്റെ സ്വപ്‌നം ഇനിയും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അത് സാക്ഷാത്കരിക്കാൻ നമ്മൾ ഒരുമിച്ച് പ്രയത്‌നിക്കേണ്ടതുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പരാക്രം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സുബാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് അദ്ദേഹം പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി. ആൻഡമാനിലെ യുദ്ധ സ്മാരകം നേതാജിയുടെ ആശങ്ങൾ സജീവമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി പോർട്ട്‌ബ്ലെയറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. 1943 ൽ സുബാഷ് ചന്ദ്ര ബോസ് ത്രിവർണ പതാക ഉയർത്തിയ സ്ഥലത്ത് ദേശീയ പതാക ഉയർത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.
Comments