ഹൈദരാബാദ്: രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം സംഘടനകൾ ചേർന്ന് അനുവാദമില്ലാതെയാണ് പ്രദർശനം നടത്തിയത്. സംഭവത്തിന് പിന്നാലെ എബിവിപി പരാതി നൽകി.
സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ, മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷൻ(എംഎസ്എഫ്),ജമാത്തിയ ഇസ്ലാമിയ എന്നീ സംഘടനകളാണ് ക്യാമ്പസിൽ ഡോക്യുമെന്റി പ്രദർശിപ്പിച്ചതെന്ന് എബിവിപിയുടെ പരാതിയിൽ പറയുന്നു. സർവകലാശാലയുടെയോ കോളേജ് അധികൃതരുടെയോ അനുവാദമില്ലാതെയാണ് ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിച്ചതെന്നും സംഭവത്തിൽ സർവകലാശാല അധികൃതർക്ക് പരാതി നൽകിയതായും എബിവിപി വിദ്യാർത്ഥി നേതാവ് മഹേഷ് വ്യക്തമാക്കി. പരാതി ലഭിച്ചാൽ ഉടനെ നടപടി സ്വീകരിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
ബിബിസി ഡോക്യുമെന്ററിയെ രാഷ്‌ട്രീയ വത്കരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തിയിരുന്നു. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയെക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നതെന്നും റിജിജു കുറ്റപ്പെടുത്തിയിരുന്നു. നിരവധി വർഷങ്ങളായി പ്രതിപക്ഷവും കോൺഗ്രസും ഗുജറാത്ത് കലാപത്തെ രാഷ്‌ട്രീയവത്കരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും വിമർശിച്ചിരുന്നു. ബിബിസിയുടെ കൊളോണിയൽ കാഴ്ചപ്പാടാണ് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments