ബിബിസിക്ക് പ്രാധാന്യം നൽകരുത്; രാജ്യത്തിന്റെ പരമാധികാരത്തെ അവർ തകർക്കുമെന്ന് എ.കെ ആന്റണിയുടെ മകൻ

Published by
Janam Web Desk

തിരുവനന്തപുരം: ബിബിസിക്കെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ കെ ആൻറണി. ബിബിസിയുടെ “ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ” എന്ന ഡോക്യുമെൻററി വിവാദം തീർക്കുമ്പോഴാണ് അനിൽ കെ ആന്റണി തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിൽ കടന്നു കയറാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുമുള്ള വിദേശ ഇടപെടലാണ് ബിബിസി നടത്തുന്നത്. ഇത് ശരി വയ്‌ക്കുകയാണ് അനിലും. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്‌ക്കുന്ന നടപടിയാണിതെന്നും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്റണി പറഞ്ഞു.

മുൻ വിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസിയെന്നും ബിജെപിയോടുള്ള അഭിപ്രായ വ്യത്യാസം വച്ചു കൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നതെന്നും അനിൽ ആന്റണി പറഞ്ഞു. ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു മുൻ യുകെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. സിപിഎമ്മും കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റും വിവാദ ഡോക്യുമെൻററി പ്രദർശിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് മുതിർന്ന കോൺ​ഗ്രസ് നേതാവിന്റെ മകവൻ ബിബിസിക്കെതിരെ രം​ഗത്തു വന്നിരിക്കുന്നത്.

അതേസമയം, രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച അറിയിച്ചു. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന, അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു.

Share
Leave a Comment