ന്യൂഡൽഹി: 74-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം എഴുമണിക്ക് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുർമ്മു രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനമാണിത്. പ്രസംഗം ആൾ ഇന്ത്യ റേഡിയോയിലും ദൂരദർശൻ ഉൾപ്പെടെ ചാനലുകളിലും സംപ്രേഷണം ചെയ്യും.
റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഡൽഹിയിലെത്തി. ഊഷ്മള വരവേൽപ്പാണ് രാജ്യതലസ്ഥാനത്ത് അദ്ദേഹത്തിന് നൽകിയത്. ഇന്ന് രാഷ്‌ട്രപതി ഭവനിൽ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നൽകും. രാഷ്‌ട്രപതി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തും. അഞ്ച് ഈജിപ്ഷ്യൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അൽസിസിയെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഈജിപ്ഷ്യൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ശേഷം ഇരുവരും ഒന്നിച്ച് മാദ്ധ്യമങ്ങളെ കാണും. ഇന്ത്യ- ഈജിപ്ത് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്റ്റാമ്പ് പ്രകാശനം ചെയ്യും. തുടർന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം സംസാരിക്കും.
പദ്മ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.
Comments